നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ടിം ഗസ്റ്റാഫ്സണ്‍

ഇപ്പോഴത്തെ തലമുറ

1964ൽ ചെറുപ്പക്കാരനും പരിസ്ഥിതി പ്രവർത്തകനുമായ ജാക്ക് വെയ്ൻ ബെർഗ് പറഞ്ഞു, “മുപ്പത് വയസ്സിനു മുകളിലുള്ള ആരേയും ഒരിക്കലും വിശ്വസിക്കരുത്. " അദ്ദേഹത്തിന്റെ ഈ പ്രസ്താവന, ഒരു മുഴുവൻ തലമുറയും ഏറ്റു പാടി.  “പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ , ഞാൻ കൂടുതൽ ചിന്തിക്കാതെ പറഞ്ഞു പോയതു മുഴുവനോടെ തലതിരിഞ്ഞ് തെറ്റിദ്ധരിക്കപ്പെട്ടു പോയി” എന്ന് വെയ്ൻ ബെർഗ് പിന്നീട് പശ്ചാത്തപിച്ചു.

മിലേനിയൽസിനെ (1981 നും 1996 നും ഇടയിൽ ജനിച്ചവർ) കുറിച്ച് തരം താഴ്ത്തി പറയുന്ന പരാമർശങ്ങളോ, നേരെ മറിച്ചോ നിങ്ങൾ കേട്ടിട്ടുണ്ടോ ? ഓരു തലമുറക്ക് മറ്റൊന്നിനെക്കുറിച്ചുള്ള മോശമായ ചിന്തകൾ അവർ തമ്മിലുള്ള ബന്ധം മുറിയുവാൻ ഇടവരും. ഏതിനാണെങ്കിലും തീർച്ചയായും  അതിന്റേതായ  ഒരു മികച്ച വഴി ഉണ്ട്. 

ഹിസ്കീയാവു നല്ലൊരു രാജാവായിരുന്നുവെങ്കിലും അടുത്ത തലമുറയെ കുറിച്ച് വേണ്ടത്ര താല്പര്യം ഉണ്ടായിരുന്നില്ല. ഹിസ്കീയാവിന് ചെറുപ്പത്തിൽ തന്നെ മാരകമായ  രോഗം പിടിച്ചു (2 രാജാക്കന്മാർ 20: 1), അവൻ യഹോവയോടു അവന്റെ ജീവനായി പ്രാർത്ഥിച്ചു (വാ. 2 – 3). ദൈവം അവന്  പതിനഞ്ച് സംവത്സരങ്ങൾ കൂട്ടിക്കൊടുത്തു (വാ. 6).

എന്നാൽ, തന്റെ പുത്രന്മാരിൽ ചിലരെ ഒരു ദിവസം  തടവുകാരാക്കി പിടിച്ചു കൊണ്ടു പോകുമെന്ന ഭയാനക വാർത്ത അറിഞ്ഞിട്ടും ഹിസ്കിയാവ് രാജാവിന് പ്രകടമായ  കണ്ണുനീർ ഉണ്ടായിയില്ല (വാ. 16 – 18). അവൻ വിചാരിച്ചു, “എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ”(വാ. 19). ഹിസ്കിയാവിന്  സ്വന്തം സുഖ സൗകര്യങ്ങളിൽ ഉണ്ടായിരുന്ന ഉത്കണ്ഠയൊന്നും അടുത്ത തലമുറയോട് ഉണ്ടായിരുന്നില്ല.

ദൈവം നമ്മെ വിളിച്ചിരിക്കുന്നത് നമ്മെ വേർതിരിക്കുന്ന വരമ്പുകളെ സ്നേഹംകൊണ്ട് മറികടക്കാനാണ്. പഴയ തലമുറക്ക്   യുവതലമുറയുടെ പുതിയ  ആദർശങ്ങളും  ക്രിയാത്മകതയും ആവശ്യമാണെന്നിരിക്കെ, തിരിച്ച് മുൻ തലമുറയുടെ അറിവും പരിചയസമ്പത്തും യുവതലമുറക്കും ഉപകരിക്കും. കളിയാക്കലുകളുടെയോ മുദ്രാവാക്യങ്ങളുടേയോ സമയമല്ല ഇത് ;  ചിന്തനീയമായ ആശയങ്ങളുടെ കൈമാറ്റമാണ് ആവശ്യം. ഇതിൽ നമ്മൾ ഒന്നിച്ചാണ്.

യേശുവിനായി മറ്റുള്ളവരിലേക്ക് എത്തുക

ഒരു ദശാബ്ദത്തിനു മുമ്പ് അവർക്ക് യേശു എന്ന പേര് അറിയില്ലായിരുന്നു. ഫിലിപ്പൈൻസിലെ മിന്റനാവോ മലനിരകളിൽ താമസിച്ചിരുന്ന ബാൻവയോൺ ജനതക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവശ്യ വസ്തുക്കളുടെ ശേഖരണത്തിന് പുറംലോകത്ത് എത്തണമെങ്കിൽ ചെങ്കുത്തായ മലനിരകളിലൂടെ രണ്ട് ദിവസത്തെ അതിസാഹസിക യാത്ര വേണ്ടിയിരുന്നു. ലോകം അവരെ ശ്രദ്ധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ഒരു മിഷൻ പ്രസ്ഥാനം ഇവരെ കണ്ടെത്തി ഹെലിക്കോപ്റ്റർ വഴി ഇവരെ പുറത്ത് പോകാനും വരാനും സഹായിച്ചത്. ഇത് ബാൻവയോൺ ജനതക്ക് അവശ്യ വസ്തുക്കളും വൈദ്യസഹായവും ലഭിക്കുവാനും ഒരു വലിയ ലോകത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുവാനും ഇടയാക്കി. കൂടാതെ, അവർ യേശുവിനെ അറിയാനും ഇടയായി. ഇപ്പോൾ, ദുരാത്മാക്കളോട് പാടുന്നതിന് പകരം, അവരുടെ പരമ്പരാഗത ഗോത്രഗാനങ്ങളിൽ പുതിയ വാക്കുകൾ ചേർത്ത്  ഏക സത്യദൈവത്തെ ആരാധിക്കുന്ന പാട്ടുകളായി മാറി. വ്യോമയാനമിഷൻ ആണ് ഇതിന് വഴിയൊരുക്കിയത്.

യേശു തന്റെ പിതാവിന്റെ അടുക്കലേക്ക് പോയപ്പോൾ ശിഷ്യന്മാർക്ക് ഈ ആഹ്വാനം നല്കി. "ആകയാൽ നിങ്ങൾ പുറപ്പെട്ട് , പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിക്കുവാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്ളുവിൻ" (മത്താ. 28:19 ) . ഈ കല്പന ഇന്നും നിലനില്ക്കുന്നു.

കണ്ടെത്തപ്പെടാത്ത ജനവിഭാഗം നമുക്ക് പരിചിതമല്ലാത്ത വിദേശ സ്ഥലങ്ങളിൽ മാത്രമായി ചുരുങ്ങുന്നില്ല. ചിലപ്പോൾ നമ്മുടെയിടയിൽ വസിക്കുന്നവരുമാകാം. ബാൻവയോൺ ജനതയിൽ എത്തിച്ചേരുവാൻ സർഗാത്മകതയും വിഭവശേഷിയും അനിവാര്യമായിരുന്നു, അത് നമ്മുടെ സമൂഹങ്ങളുടെയിടയിൽ നിലനില്ക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്താൻ നമുക്ക് പ്രചോദനമാകുന്നു. അത് പക്ഷെ, നിങ്ങളുടെ സമീപത്ത് തന്നെ വസിക്കുന്നതും നിങ്ങൾ നാളിതുവരെ പരിഗണിക്കാത്തതുമായ "അടുക്കാൻ പ്രയാസമുള്ള" ഒരു കൂട്ടം ആളുകൾ ഉണ്ടാകും. മറ്റുള്ളവരെ യേശുവിനായി നേടുവാനായി ദൈവം നിങ്ങളെ എങ്ങനെയാണ് ഉപയോഗിക്കുന്നത്?

സുസ്ഥിരമായ വാക്കുകൾ

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തോമസ് കാർലൈൽ തത്വചിന്തകനായ ജോൺ സ്റ്റുവർട് മില്ലിന് ഒരു ലേഖനം വിശകലനം ചെയ്യുവാനായി നൽകി. അബദ്ധവശാലോ മനപ്പൂർവ്വമായോ എങ്ങനെയോ അത് തീയിൽ വീണു. കാർലൈലിന്റെ കൈയ്യിലുണ്ടായിരുന്ന ഒരേ ഒരു പകർപ്പ് അതായിരുന്നു. ഒട്ടും ഭയം കൂടാതെ അദ്ദേഹം അതിന്റെ നഷ്ടപ്പെട്ട അധ്യായങ്ങൾ വീണ്ടും എഴുതുവാൻ ആരംഭിച്ചു. തന്റെ മനസ്സിലുണ്ടായിരുന്ന കേടുപറ്റാത്ത കഥയെ തീക്ക് തടയുവാൻ കഴിഞ്ഞില്ല. വലിയ നഷ്ടത്തിൽ നിന്നും കാർലൈൽ തന്റെ സ്മാരക കൃതി ‘ദി ഫ്രഞ്ച് റീവൊല്യൂഷൻ’ പൂർത്തിയാക്കി.

ക്ഷയിച്ചുകൊണ്ടിരിക്കുന്ന പുരാതന യെഹൂദ രാഷ്ടത്തിന്റെ നിറം മങ്ങിയ കാലത്ത്, ദൈവം യിരെമ്യാ പ്രവാചകനോട് പറഞ്ഞു "നീ ഒരു പുസ്തകച്ചുരുൾ മേടിച്ചു, ........ഞാൻ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക" (യിരെ. 36:2). ഈ സന്ദേശം ആസന്നമായ ആക്രമണം ഒഴിവാക്കുവാൻ മാനസാന്തരത്തിലേക്കു ക്ഷണിക്കുന്ന ദൈവത്തിന്റെ വാത്സല്യമുള്ള ഹൃദയത്തെ കാണിക്കുന്നു (വാ.3).

യിരെമ്യാവ്‌ തന്നോട് അരുള്ചെയ്തതുപോലെ തന്നെ ചെയ്തു. എന്നാൽ യെഹൂദാ രാജാവായ യെഹോയാകീമിന്റെ കൈകളിൽ എത്തിയപ്പോൾ, അത് കീറി തീയിലെറിഞ്ഞു കളഞ്ഞു (വാ.23-25). എന്നാൽ രാജാവിന്റെ ഈ പ്രവൃത്തി കാര്യങ്ങൾ കൂടുതൽ വഷളാക്കിയതേയുള്ളു. ദൈവം യിരെമ്യാവിനോട് മറ്റൊരു ചുരുളിൽ അതെ സന്ദേശമെഴുതുവാൻ പറഞ്ഞു. അവിടുന്ന് പറഞ്ഞു, "[യെഹോയാക്കീമിന്] ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്പാൻ എറിഞ്ഞുകളയും"(വാ.30). 

ഒരു പുസ്തകത്തെ തീയിലെറിയുന്നതിലൂടെ ദൈവവചനത്തെ കത്തിക്കുവാൻ കഴിയും. അത് തീർത്തും ഫലശൂന്യമാണ്. ആ വാക്കുകൾക്ക് പിറകിലുള്ള ദൈവ ശബ്ദം എന്നേക്കും നിലനിൽക്കുന്നു. 

ഈഖാബോദിന്റെ പലായനം

ദി ലെജെൻഡ് ഓഫ് സ്ലീപ്പി ഹോളോ എന്ന പുസ്തകത്തിൽ (ഒരു ഇംഗ്ലീഷ് നോവൽ) എഴുത്തുകാരൻ, കട്രീന എന്ന സുന്ദരിയായ യുവതിയെ വിവാഹം കഴിക്കാൻ ശ്രമിക്കുന്ന ഒരു സ്‌കൂൾ അധ്യാപകനായ ഈഖാബോദ് ക്രെയിനിന്റെ കഥ പറയുന്നു. കൊളോണിയൽ നാട്ടിൻപുറത്തെ ഭീതിയിലാഴ്ത്തുന്ന തലയില്ലാത്ത കുതിരക്കാരനാണ് കഥയുടെ താക്കോൽ. ഒരു രാത്രിയിൽ, കുതിരപ്പുറത്ത് വരുന്ന പ്രേതത്തെ ഈഖാബോദ് കാണുകയും ഭയന്ന് പ്രദേശത്തു നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു. ഈ ''കുതിരക്കാരൻ'' യഥാർത്ഥത്തിൽ കത്രീനയെ മോഹിച്ച ഈഖാബോദിന്റെ എതിരാളിയാണെന്ന് വായനക്കാരനു വ്യക്തമാണ്; തുടർന്ന് അയാൾ അവളെ വിവാഹം കഴിക്കുന്നു.

ഈഖാബോദ് എന്ന പേർ ബൈബിളിലാണ് ആദ്യം കാണുന്നത്, അതിനും ഒരു ഇരുണ്ട പശ്ചാത്തലമുണ്ട്. ഫെലിസ്ത്യരുമായി യുദ്ധം ചെയ്യുമ്പോൾ യിസ്രായേല്യർ വിശുദ്ധ നിയമപ്പെട്ടകം യുദ്ധക്കളത്തിലേക്കു കൊണ്ടുവന്നു. മോശം നീക്കമായിരുന്നു അത്. യിസ്രായേലിന്റെ സൈന്യം പരാജയപ്പെടുകയും പെട്ടകം പിടിക്കപ്പെടുകയും ചെയ്തു. മഹാപുരോഹിതനായ ഏലിയുടെ മക്കളായ ഹോഫ്‌നിയും ഫിനെഹാസും കൊല്ലപ്പെട്ടു (1 ശമൂവേൽ 4:17). ഏലിയും മരിച്ചു (വാ.18). ഫിനെഹാസിന്റെ ഗർഭിണിയായ ഭാര്യ ഈ വാർത്ത കേട്ടപ്പോൾ, ''അവൾക്കു പ്രസവവേദന തുടങ്ങി; അവൾ നിലത്തു വീണു പ്രസവിച്ചു'' (വാ. 19). പക്ഷേ അവൾ മരിച്ചുപോയി. തന്റെ അവസാന വാക്കുകളിലൂടെ ''മഹത്വം യിസ്രായേലിൽനിന്നു പൊയ്‌പ്പോയി എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് (അക്ഷരികാർത്ഥം, ''മഹത്വമില്ല'') എന്നു പേരിട്ടു'' (വാ. 22). 

ഭാഗ്യവശാൽ ദൈവം അതിലും വലിയൊരു കഥ തുറക്കുകയായിരുന്നു. അവന്റെ മഹത്വം ആത്യന്തികമായി യേശുവിൽ വെളിപ്പെടുവാൻ പോകയായിരുന്നു. ''നീ [പിതാവ്] എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു'' (യോഹന്നാൻ 17:22).

ഇന്ന് പെട്ടകം എവിടെയാണെന്ന് ആർക്കും അറിയില്ല, പക്ഷേ പ്രശ്‌നമില്ല. ഈഖാബോദ് ഓടിപ്പോയിരിക്കുന്നു. യേശുവിലൂടെ ദൈവം തന്റെ മഹത്വം നമുക്കു തന്നിരിക്കുന്നു!

പാളയത്തിനു പുറത്ത്

ഞാൻ വളർന്ന ഉൾനാടൻ പട്ടണത്തിൽ വെള്ളിയാഴ്ച ചന്ത ദിവസമായിരുന്നു. ഇത്രയും വർഷങ്ങൾക്കുശേഷവും, ഒരു പ്രത്യേക കച്ചവടക്കാരിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. അവളുടെ കൈവിരലുകളും കാൽവിരലുകളും ഹാൻസെൻസ് രോഗം (കുഷ്ഠരോഗം) മൂലം ദ്രവിച്ചുപോയിരുന്നു. അവൾ തന്റെ പായയിൽ ഇരുന്നുകൊണ്ട് പൊള്ളയായ ചുരയ്ക്കാ തോട് ഉപയോഗിച്ച് തന്റെ ഉല്പന്നങ്ങൾ കൂട്ടിവയ്ക്കും. ചിലർ അവളെ ഒഴിവാക്കി. അവളിൽ നിന്ന് പതിവായി വാങ്ങുന്നത് എന്റെ അമ്മ ഗൗരവമായെടുത്തു. മാർക്കറ്റ് ദിവസങ്ങളിൽ മാത്രമാണ് ഞാൻ അവളെ കണ്ടത്. അതിനുശേഷം അവൾ പട്ടണത്തിനു പുറത്ത് അപ്രത്യക്ഷമാകും.

പുരാതന യിസ്രായേല്യരുടെ കാലത്ത്, കുഷ്ഠം പോലുള്ള രോഗങ്ങൾ അർത്ഥമാക്കുന്നത് ''പാളയത്തിനുപുറത്ത്'' ജീവിക്കുക എന്നതാണ്. അതൊരു നിരാലംബ അസ്തിത്വമായിരുന്നു. അത്തരം ആളുകളെക്കുറിച്ച് യിസ്രായേൽ നിയമം പറയുന്നത്, ''അവൻ തനിച്ചു പാർക്കണം'' (ലേവ്യപുസ്തകം 13:46) എന്നാണ്. പാളയത്തിനു പുറത്തുവെച്ചായിരുന്നു യാഗമർപ്പിച്ച കാളകളുടെ ശരീരങ്ങൾ ദഹിപ്പിക്കുന്നതും (4:12). നിങ്ങൾ ആയിരിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലമല്ല പാളയത്തിനു പുറത്തുള്ള സ്ഥലം.

ഈ പരുഷമായ യാഥാർത്ഥ്യം എബ്രായർ 13 ലെ യേശുവിനെക്കുറിച്ചുള്ള പ്രസ്താവനയ്ക്കു ജീവൻ പകരുന്നു: ''ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിനു പുറത്ത് അവന്റെ അടുക്കൽ ചെല്ലുക'' (വാ. 13). യേശുവിനെ യെരൂശലേമിനു പുറത്താണു ക്രൂശിച്ചത് എന്ന വസ്തുത, എബ്രായ യാഗസമ്പ്രദായത്തെക്കുറിച്ച് പഠിക്കുമ്പോൾ അതീവ പ്രാധാന്യമർഹിക്കുന്നതാണ്.

നമുക്കു ശ്രദ്ധേയരാകണം, ആദരിക്കപ്പെടണം, സുഖകരമായ ജീവിതം നയിക്കണം. എന്നാൽ നിന്ദയുടെ ഇടമായ ''പാളയത്തിനു പുറത്തേക്കു'' പോകാൻ ദൈവം നമ്മെ വിളിക്കുന്നു. അവിടെയാണ് ഹാൻസെൻസ് രോഗമുള്ള കച്ചവടക്കാരിയെ നാം കണ്ടെത്തുന്നത്. ലോകം ഉപേക്ഷിച്ച ആളുകളെ നാം അവിടെയാണു കണ്ടെത്തുന്നത്. അവിടെയാണ് നാം യേശുവിനെ കണ്ടെത്തുന്നത്.

സജീവ വിശ്വാസം

സൈനിക അട്ടിമറി സമയത്ത്, സാമിന്റെ പിതാവിന് പ്രാണരക്ഷാർത്ഥം ഓടിപ്പോകേണ്ടി വന്നു. പെട്ടെന്ന് വരുമാനം നിലച്ചതോടെ, സാമിന്റെ സഹോദരന്റെ ജീവൻ നിലനിർത്തിയിരുന്ന നിർണ്ണായക മരുന്ന് വാങ്ങാൻ കുടുംബത്തിനു കഴിയാതെ വന്നു. ദൈവത്തെ നോക്കി സാം ചിന്തിച്ചു, ഇതനുഭവിക്കാൻ ഞങ്ങൾ എന്താണു ചെയ്തത്?

യേശുവിൽ വിശ്വസിച്ചിരുന്ന ഒരു വ്യക്തി കുടുംബത്തിന്റെ കഷ്ടതകളെക്കുറിച്ച് കേട്ടു. മരുന്ന് വാങ്ങാൻ മതിയായ പണം തന്റെ പക്കലുണ്ടെന്ന് കണ്ടെത്തിയ അദ്ദേഹം, മരുന്നു വാങ്ങി അവർക്കെത്തിച്ചുകൊടുത്തു. ഒരു അപരിചിതനിൽ നിന്നു ലഭിച്ച ജീവൻ രക്ഷാ സമ്മാനം
ആഴത്തിലുള്ളസ്വാധീനമുളവാക്കി. ''ഈ ഞായറാഴ്ച ഞങ്ങൾ ഈ മനുഷ്യന്റെ പള്ളിയിൽ പോകും,'' അവന്റെ അമ്മ പ്രഖ്യാപിച്ചു. സാമിന്റെ കോപം ശമിക്കാൻ തുടങ്ങി. ഒടുവിൽ, ഓരോരുത്തരായി, കുടുംബത്തിലെ ഓരോ അംഗവും യേശുവിൽ വിശ്വസിച്ചു.

ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നതിനോടൊപ്പം ആർജവമുള്ള ഒരു ജീവിതശൈലിയുടെ ആവശ്യകതയെക്കുറിച്ച് യാക്കോബ് എഴുതിയപ്പോൾ, മറ്റുള്ളവരെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവൻ എടുത്തുപറഞ്ഞു. ''ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോട്: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്യുവിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്ത്?'' (2:15-16).

നമ്മുടെ പ്രവൃത്തികൾ നമ്മുടെ വിശ്വാസത്തിന്റെ ആത്മാർത്ഥത പ്രകടമാക്കുന്നു. ആ പ്രവൃത്തികൾ മറ്റുള്ളവരുടെ വിശ്വാസ-തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കും എന്നത് ശ്രദ്ധേയമാണ്. സാമിന്റെ കാര്യത്തിൽ, അവൻ പില്ക്കാലത്ത് ഒരു പാസ്റ്ററും സഭാസ്ഥാപകനുമായി മാറി. ക്രമേണ, അവൻ തന്റെ കുടുംബത്തെ സഹായിച്ച വ്യക്തിയെ ''പപ്പാ മാപ്പസ്'' എന്നു വിളിച്ചു. യേശുവിന്റെ സ്‌നേഹം തങ്ങൾക്കു കാണിച്ചു തന്ന ആത്മീയ പിതാവായിട്ടാണ് അവൻ ഇപ്പോൾ അദ്ദേഹത്തെ അറിയുന്നത്.

ദൈവത്തിനായി വാഞ്ഛിക്കുക

രോഹനും റീമയും റോഡിലൂടെ അഞ്ചു മൈല്‍ സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍, അവരുടെ പൂച്ച ബഗീര തന്റെ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് ഓടിപ്പോയി. ഒരു ദിവസം റീമ അവരുടെ പഴയ വീടിന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ചിത്രത്തില്‍ ബഗീര ഉണ്ടായിരുന്നു!

സന്തോഷത്തോടെ, ദമ്പതികള്‍ അവനെ തിരികെ കൊണ്ടുവരാന്‍ പോയി. ബഗീര വീണ്ടും ഓടി. അവന്‍ എവിടെപ്പോയെന്ന് ഊഹിക്കാമോ? ഇത്തവണ, വീടു വാങ്ങിയ കുടുംബം ബഗീരയെ സംരക്ഷിക്കാമെന്നു സമ്മതിച്ചു. അനിവാര്യമായി സംഭവിക്കുന്ന കാര്യം തടയാന്‍ ഈ ദമ്പതികള്‍ക്കു കഴിഞ്ഞില്ല; ബഗീര എപ്പോഴും ''വീട്ടിലേക്കു'' മടങ്ങുക തന്നെ ചെയ്തു.

നെഹെമ്യാവ് ശൂശനിലെ രാജധാനിയില്‍ ഉന്നത പദവിയില്‍ സേവനമനുഷ്ഠിച്ചുവെങ്കിലും അവന്റെ ഹൃദയം മറ്റൊരിടത്തായിരുന്നു. അവന്റെ ''പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണത്തിന്റെ'' (നെഹെമ്യാവ് 2:3) ശൂന്യമായ അവസ്ഥയെക്കുറിച്ച് അവന്‍ കേട്ടു. അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ''നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാല്‍, നിങ്ങളുടെ ഭ്രഷ്ടന്മാര്‍ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാന്‍ അവിടെനിന്ന് അവരെ ശേഖരിച്ചു, എന്റെ നാമം സ്ഥാപിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഓര്‍ക്കണമേ'' (1:8-9).

ഹൃദയം ഉള്ളിടത്താണ് വീട്, എന്നവര്‍ പറയുന്നു. നെഹെമ്യാവിന്റെ കാര്യത്തില്‍, വീടിനോടുള്ള ആഗ്രഹം ദേശവുമായി ബന്ധപ്പെട്ടിരിക്കുന്നതിനേക്കാള്‍ അപ്പുറമായിരുന്നു. ദൈവവുമായുള്ള കൂട്ടായ്മയാണ് അവന്‍ ഏറ്റവുമധികം ആഗ്രഹിച്ചത്. യെരുശലേം ''എന്റെ നാമം സ്ഥാപിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലമായിരുന്നു.''

ആഴമായി നാം അനുഭവിക്കുന്ന അസംതൃപ്തി, യഥാര്‍ത്ഥത്തില്‍ ദൈവത്തിനുവേണ്ടിയുള്ള വാഞ്ഛയാണ്. അവിടുത്തോടൊപ്പം വീട്ടിലായിരിക്കാന്‍ നാം കൊതിക്കുന്നു.

ദൈവം അവിടെയുണ്ട്

പ്രായമായ തന്റെ പിതാവിനായി ഓബ്രി ഒരു കമ്പിളിക്കോട്ടു വാങ്ങിയെങ്കിലും, അതു ധരിക്കുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു. തുടര്‍ന്ന്, അവള്‍ ഒരു പ്രോത്സാഹനക്കുറിപ്പും 20 ഡോളറിന്റെ നോട്ടും പോക്കറ്റില്‍ ഇട്ട് ജാക്കറ്റ് ജീവകാരുണ്യത്തിനായി നല്‍കി.

തൊണ്ണൂറു മൈല്‍ അകലെ, കുടുംബത്തിലെ ഛിദ്രം സഹിക്കവയ്യാതെ, പത്തൊന്‍പതുകാരനായ കെല്ലി തന്റെ കോട്ടുപോലും എടുക്കാതെ വീടു വിട്ടു. തനിക്കു പോകാന്‍ കഴിയുന്ന ഒരിടത്തെക്കുറിച്ചു മാത്രമേ അവനറിയുമായിരുന്നുള്ളു- അവനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന മുത്തശ്ശിയുടെ വീട്. മണിക്കൂറുകള്‍ക്കു ശേഷം അവന്‍ ബസ്സിറങ്ങി മുത്തശ്ശിയുടെ കരവലയത്തിലമര്‍ന്നു. ശീതക്കാറ്റില്‍ നിന്ന് അവനെ രക്ഷിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞു, ''നിനക്കുവേണ്ടി നമുക്കൊരു കോട്ടു വാങ്ങണം!'' മിഷന്‍ സ്‌റ്റോറില്‍, കെല്ലി തനിക്കിഷ്ടപ്പെട്ട ഒരു കോട്ടു കണ്ടെത്തി. കൈകള്‍ പോക്കറ്റിലേക്കു താഴ്ത്തിയപ്പോള്‍ ഒരു കവര്‍ കൈയില്‍ തടഞ്ഞു - അതില്‍ 20 ഡോളറും ഓബ്രിയുടെ കുറിപ്പും.

യാക്കോബ് തന്റെ ജീവനെ ഭയന്ന്, ഛിദ്രിച്ച കുടുംബത്തില്‍നിന്ന് ഓടിപ്പോയി (ഉല്പത്തി 27:41-45). രാത്രിയില്‍ അവന്‍ ഒരിടത്തു വിശ്രമിച്ചപ്പോള്‍, ദൈവം സ്വപ്‌നത്തില്‍ യാക്കോബിനു സ്വയം വെളിപ്പെടുത്തി. 'ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ട്്; നീ പോകുന്നിടത്തൊക്കെയും നിന്നെ കാത്ത് ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും'' എന്നു ദൈവം അവനോടു പറഞ്ഞു (28:15). യാക്കോബ് ഒരു നേര്‍ച്ച നേര്‍ന്നു, ''ദൈവം എന്നോടുകൂടെ ഇരിക്കുകയും ഞാന്‍ പോകുന്ന ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിക്കുവാന്‍ ആഹാരവും ധരിക്കുവാന്‍ വസ്ത്രവും എനിക്കു തരികയും ... ചെയ്യുമെങ്കില്‍ യഹോവ എനിക്കു ദൈവമായിരിക്കും' (വാ. 20-21).

യാക്കോബ് ഒരു പരുക്കന്‍ യാഗപീഠം ഉണ്ടാക്കി, ആ സ്ഥലത്തിന് 'ദൈവത്തിന്റെ ഭവനം' എന്നു പേരിട്ടു (വാ. 22). ഓബ്രിയുടെ കുറിപ്പും ആ 20 ഡോളറും താന്‍ പോകുന്നിടത്തെല്ലാം കെല്ലി കൊണ്ടുപോകുന്നു. നാം എവിടേക്ക് ഓടിയാലും അവിടെ ദൈവം ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് അവ രണ്ടും.

കാണാത്ത കാഴ്ച

യൂറി ഗഗാരിന്‍ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായതിനുശേഷം, അദ്ദേഹം ഒരു റഷ്യന്‍ ഗ്രാമപ്രദേശത്ത് പാരച്യൂട്ടില്‍ വന്നിറങ്ങി. ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ ബഹിരാകാശ യാത്രികനെ കര്‍ഷക സ്ത്രീ കണ്ടു. ഹെല്‍മെറ്റ് ധരിച്ച് രണ്ട് പാരച്യൂട്ടുകള്‍ വലിച്ചിഴച്ചു വന്ന അദ്ദേഹത്തോട് അവര്‍ അത്ഭുതത്തോടെ ചോദിച്ചു, 'നിങ്ങള്‍ ബഹിരാകാശത്തു നിന്നു വന്നതാണോ?' “വാസ്തവം പറഞ്ഞാല്‍, ഞാന്‍ അവിടെനിന്നാണ്'' അദ്ദേഹം പറഞ്ഞു.

ദുഃഖകരമെന്നു പറയട്ടെ, സോവിയറ്റ് നേതാക്കള്‍ ചരിത്രപരമായ ആ പറക്കലിനെ മതവിരുദ്ധ പ്രചാരണമാക്കി മാറ്റി. “ഗഗാറിന്‍ ബഹിരാകാശത്തേക്ക് പോയി, പക്ഷേ അദ്ദേഹം അവിടെ ഒരു ദൈവത്തെയും കണ്ടില്ല,’’ അവരുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. (ഗഗാറിന്‍ പക്ഷേ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല.) സി.എസ്. ലൂയിസ് നിരീക്ഷിച്ചതുപോലെ, “[ദൈവത്തെ] ഭൂമിയില്‍ കാണാത്തവര്‍ അവനെ ബഹിരാകാശത്ത് കണ്ടെത്താന്‍ സാധ്യതയില്ല.’’

ഈ ജീവിതത്തില്‍ ദൈവത്തെ അവഗണിക്കുന്നതിനെക്കുറിച്ച് യേശു മുന്നറിയിപ്പു നല്‍കി. മരിച്ച രണ്ടുപേരുടെ കഥ അവിടുന്നു പറഞ്ഞു - ദൈവത്തിനുവേണ്ടി സമയമില്ലാത്ത ഒരു ധനികനും, വിശ്വാസത്തില്‍ സമ്പന്നനായ നിരാലംബനായ ലാസറും (ലൂക്കൊസ് 16:19-31). ദണ്ഡനത്തില്‍ കഴിയുമ്പോഴും, ധനികന്‍, ഭൂമിയിലുള്ള തന്റെ സഹോദരന്മാര്‍ക്കായി അബ്രഹാമിനോട് അപേക്ഷിച്ചു. “ലാസറിനെ അവരുടെ അടുത്തേക്ക് അയയ്ക്കുക’’ എന്ന്. അവന്‍ അബ്രഹാമിനോട് അപേക്ഷിച്ചു, 'മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റ് അവരുടെ അടുക്കല്‍ ചെന്നു എങ്കില്‍ അവര്‍ മാനസാന്തരപ്പെടും'' (വാ. 27, 30). അബ്രഹാം, ശരിയായ പ്രശ്‌നം അവനെ ബോധ്യപ്പെടുത്തി, “അവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാതിരുന്നാല്‍, മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കുകയില്ല'' (വാ. 31).

ഓസ്വാള്‍ഡ് ചേംബേഴ്‌സ് എഴുതി: “കാണുന്നത് ഒരിക്കലും വിശ്വാസമല്ല. 'നാം കാണുന്ന കാര്യങ്ങളെ നാം വിശ്വസിക്കുന്നതിന്റെ വെളിച്ചത്തില്‍ നാം വ്യാഖ്യാനിക്കുന്നു.’’

സൗഖ്യത്തിനായി ഒരു വൃക്ഷം

ഏകദേശം 2.19 കോടി രൂപയ്ക്ക്, നിങ്ങള്‍ക്ക് ഒരു പുതിയ മക്ക്‌ലാരന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ വാങ്ങാന്‍ കഴിയും. 710 കുതിരശക്തി ഉള്ള വി8 എഞ്ചിനാണ് വാഹനത്തിനുള്ളത്. നിങ്ങളുടെ പ്രഭാത യാത്രയ്ക്ക് ആവശ്യമായതിനേക്കാള്‍ വളരെ കൂടുതലാണ് ഇത്.

തീര്‍ച്ചയായും, ആ ശക്തി മുഴുവനും ഉപയോഗിക്കാന്‍ നിങ്ങള്‍ക്കു പ്രലോഭനമുണ്ടായേക്കാം. ഒരു ഡ്രൈവര്‍ തന്റെ കാര്‍ വളരെ വേഗതയുള്ളതാണെന്നു മനസ്സിലാക്കി. അത് ഒരു മികച്ച ഷോറൂമില്‍ നിന്ന് വെറും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ആക്രിക്കൂമ്പാരത്തിലേക്കു തള്ളപ്പെട്ടു! കാര്‍ വാങ്ങി ഒരു ദിവസത്തിനുശേഷം അയാള്‍ അത് ഒരു മരത്തില്‍ കൊണ്ടിടിച്ചു (അയാള്‍ രക്ഷപ്പെട്ടു, നന്ദി).

ബൈബിളിലെ കഥ തുടങ്ങി മൂന്ന് അധ്യായങ്ങള്‍ക്കുശേഷം, തെറ്റായ ഒരു തിരഞ്ഞെടുപ്പും ഒരു വൃക്ഷവും ദൈവത്തിന്റെ നല്ല സൃഷ്ടിയെ എങ്ങനെ ബാധിച്ചുവെന്ന് നാം മനസ്സിലാക്കുന്നു. ആദാമും ഹവ്വായും, ഫലം ഭക്ഷിക്കരുതെന്ന് അവരെ വിലക്കിയിരുന്ന ഒരു വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു (ഉല്പത്തി 3:11). കഥ ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളു, പക്ഷേ പറുദീസ ശപിക്കപ്പെട്ടു (വാ. 14-19).

ഈ ശാപം ഇല്ലാതാക്കുന്നതില്‍ മറ്റൊരു വൃക്ഷം പങ്കു വഹിച്ചു - യേശു നമുക്കുവേണ്ടി വഹിച്ച ക്രൂശ്. അവന്റെ മരണം, അവനോടൊപ്പമുള്ള ഒരു ഭാവി നമുക്കായി വിലയ്ക്കു വാങ്ങി (ആവര്‍ത്തനം 21:23; ഗലാത്യര്‍ 3:13).

ബൈബിളിന്റെ അവസാന അധ്യായത്തില്‍ ഈ കഥ പൂര്‍ണ്ണമാകുന്നു. 'ജീവജല' നദിയുടെ കരയില്‍ വളരുന്ന 'ജീവവൃക്ഷ''ത്തെക്കുറിച്ച് അവിടെ നാം വായിക്കുന്നു (വെളിപ്പാട് 22:1-2). യോഹന്നാന്‍ വിവരിക്കുന്നതുപോലെ, 'വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു'' (വാ. 2). 'യാതൊരു ശാപവും ഇനി ഉണ്ടാകയില്ല' എന്നവന്‍ ഉറപ്പു നല്‍കുന്നു (വാ. 3). നാമെല്ലാവരും കൊതിച്ച, അവര്‍ എക്കാലവും സന്തോഷത്തോടെ ജീവിക്കും, എന്ന പര്യവസാനത്തില്‍ ദൈവത്തിന്റെ കഥ എത്തിച്ചേരുന്നു.